തിരുവനന്തപുരം : സ്വർണത്തിന് ഡ്യൂട്ടി അടയ്ക്കണമെന്നാവശ്യപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരേ സ്വർണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് സ്ത്രീ. കൊല്ലം സ്വദേശിയായ സ്ത്രീയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. ഇന്നലെ രാവിലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ കൊല്ലം സ്വദേശിനി പെരുമാറിയത്. ദുബായില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 120ഗ്രാം സ്വർണാഭരണത്തിന് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.
താൻ ഉപയോഗിച്ചിരുന്ന സ്വർണമാണെന്ന് സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞു. നാട്ടില്‍ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോള്‍ ഈ സ്വർണം അണിഞ്ഞാണ് പോയതെന്നും അതിനാല്‍ ഡ്യൂട്ടി അടയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ വിദേശത്ത് പോയപ്പോള്‍ സ്വർണമുള്ള കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാത്തതിനാല്‍ സ്വർണത്തിന് രണ്ടു ലക്ഷത്തില്‍ കൂടുതല്‍ രൂപ നികുതിയാകുമെന്ന് കസ്റ്റംസ് പറഞ്ഞു. ഇതോടെ ഇവർ കസ്റ്റംസ് ജീവനക്കാരുമായി തർക്കിക്കുകയും ആഭരണങ്ങള്‍ വലിച്ചൂരി കസ്റ്റംസിന്റെ മുന്നിലേക്ക് എറിയുകയും ലഗേജുകളെടുക്കാൻ നില്‍ക്കാതെ ടെർമിനലിന് പുറത്തേക്കിറങ്ങി പോവുകയുമായിരുന്നു. ഇതോടെ എയർകസ്റ്റംസ് വിവരം സി.ഐ.എസ്.എഫിന് കൈമാറി.
0 Comments