banner

മുഖ്യമന്ത്രിയെ കേന്ദ്രമാക്കി പ്രചാരണപരിപാടിയും ആഘോഷങ്ങളും സംഘടിപ്പിക്കാൻ സർക്കാർ; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ നൂറ് കോടിയുടെ ധൂർത്ത്; മൂന്ന് കോടിയുടെ പന്തലും 15 കോടിയോളം രൂപയ്ക്ക് പിണറായി വിജയന്റെ പടമുള്ള 500 കൂറ്റൻ ബോർഡുകളും ഒരുക്കും; കണക്കുകൾ വായിക്കാം


സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ മുഖ്യമന്ത്രിയെ പൊലിപ്പിച്ച് നിർത്തിയുള്ള പ്രചാരണപരിപാടിയും ആഘോഷങ്ങളും ഇത്തവണയും വിപുലമായി സംഘടിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ വലിയ ഹോർഡിംഗുകൾ 500 എണ്ണം സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി മാത്രം 15.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഹോർഡിംഗുകളുടെ ഡിസൈൻ ഒരുക്കാൻ മാത്രമായി 10 ലക്ഷം രൂപയും ചെലവഴിക്കുന്നു. എല്ലാം ആകെ നൂറ് കോടി കടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എൽഇഡി ഡിജിറ്റൽ വാൾ, എൽഇഡി ബോർഡ്, വാഹന പ്രചരണം എന്നിവയ്‌ക്കായി 3.30 കോടി രൂപയും കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പതിപ്പിക്കുന്നതിന് ഒരു കോടി രൂപയും ചെലവാക്കപ്പെടുന്നു. പരസ്യങ്ങളിലൊതുക്കി മാത്രം സർക്കാർ 20.73 കോടി രൂപയുടെ ചെലവാണ് ഒരുക്കിയിരിക്കുന്നത്. ബാക്കി വിവരങ്ങൾ പിന്നീട് പുറത്തുവിടും.

വാർഷികാഘോഷ പരിപാടികൾക്കായി ഒരുക്കുന്ന പന്തലുകൾക്കായി 3 കോടി രൂപ ചെലവാണ് സർക്കാർ അനുമതി നൽകിയത്. ഈ പദ്ധതിക്ക് കരാർ ലഭിച്ചിരിക്കുന്നത് കൊല്ലത്തുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ സഹ സ്ഥാപനത്തിനാണ്. കലാ-സാംസ്‌ക്കാരിക പരിപാടികൾക്കായി 2.10 കോടി രൂപയും, ജില്ലാതല യോഗങ്ങൾക്കായി ഓരോ ജില്ലയ്‌ക്കും 3 ലക്ഷം രൂപ വീതവും അനുവദിച്ചിരിക്കുകയാണ്. മറ്റ് ചെലവുകൾക്കായി 1.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

നാളെ കാസർകോട് കാലിക്കടവിലാണ് വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം. സംസ്ഥാനത്തെ ഓരോ ജില്ല ആസ്ഥാനങ്ങളിലും ഏഴ് ദിവസം വീതമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്.

വാർഷികാഘോഷങ്ങൾക്ക് വർണശബളത നൽകാൻ എല്ലാ ജില്ലകൾക്കും 3 കോടി രൂപ വീതം അധികമായി അനുവദിച്ചിരിക്കുകയാണ്. ഇതിലൂടെ ഏകദേശം 42 കോടി രൂപയുടെ പൊതുധനച്ചെലവാണ് സർക്കാർ വകയിരുത്തിയത്. ഇതിൽ 25.91 കോടി രൂപ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് വഴിയും 1.65 കോടി രൂപ ടൂറിസം വകുപ്പുവഴിയും അനുവദിച്ചിരിക്കുന്നു.

പരിപാടികളുടെ നടത്തിപ്പിനായി സ്വകാര്യ പിആർ ഏജൻസികൾക്കാണ് ചുമതല നൽകിയിരിക്കുന്നത്. പിആർഡി ഉദ്യോഗസ്ഥരും ചില സിപിഎം ബന്ധമുള്ള വ്യക്തികളും നിയന്ത്രിക്കുന്ന ഏജൻസികളാണ് ഇതിന് പിന്നിൽ. ഇതുവഴി ഉദ്യോഗസ്ഥരുടെ സ്വകാര്യ പോക്കറ്റിലേക്കും വലിയ തുക ഒഴുകുമെന്ന് ആരോപണങ്ങൾ ഉയരുന്നു.

Post a Comment

0 Comments