കൊച്ചി : നടൻ പൃഥ്വിരാജിന് പിന്നാലെ നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022-ലെ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. ‘ലൂസിഫർ’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെ രണ്ട് സിനിമകളിലെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
സിനിമകളുടെ ഓവർസീസ് റൈറ്റുകൾക്കും അഭിനേതാക്കൾക്ക് നൽകിയ പ്രതിഫലത്തിനുമുള്ള ലെനദേനകളിൽ വ്യക്തത തേടിയാണ് നടപടി. ദുബായിൽ വെച്ച് നടൻ മോഹൻലാലിന് രണ്ടരക്കോടി രൂപ കൈമാറിയ സംഭവത്തിൽ വ്യക്തത നേടിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. 2022-ൽ ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയായി പുതിയ നോട്ടീസ് നൽകിയതാണെന്നും, ഇതിന് ‘എമ്പുരാൻ’ സിനിമയുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.
ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും
ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിൽ നിന്ന് രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും സൂചനകളുണ്ട്. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.
കഴിഞ്ഞ ദിവസം പൃഥ്വിരാജിന് പ്രത്യേകം നോട്ടീസ് നൽകിയിരുന്നു. അദ്ദേഹത്തിന് മുൻപ് അഭിനയിച്ച ചില സിനിമകളിലെ പ്രതിഫല ഇടപാടുകളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് ഇത്. കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ഓഫീസുകളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ഈ മാസം 30നകം പൃഥ്വിരാജ് മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
0 Comments