കോഴിക്കോട് : ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം ഗൂഢാലോചനയുടെ ഭാഗമാണ് എന്നാരോപിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. 2012ലെ പഴയ ലേഖനമാണ് വെബ്‌സൈറ്റിൽ നിന്നും പുറത്തെടുത്ത് ഇപ്പോൾ വിവാദമാക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. "പ്രിയങ്കയും രാഹുലും വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതത്തിൽ ഉള്ള ജാള്യത മറക്കാൻ വി ഡി സതീശനും കൂട്ടരും ശ്രമിക്കുകയാണ്. ഇതെല്ലാം വിശ്വസിക്കുന്നവരല്ല ക്രൈസ്തവ സഭകൾ. ചെറിയ വേവലാതി അല്ല കോൺഗ്രസിനും കൂട്ടർക്കും ഉള്ളത്,” എന്നും സുരേന്ദ്രൻ പരിഹസിച്ചു.
മുനമ്പം വിഷയത്തിൽ ബിജെപിയ്ക്ക് രാഷ്ട്രീയ ലാഭം കാണുന്നില്ലെന്നും, ബിജെപി അതിന് പിന്തുണ നൽകുന്നത് സത്യത്തിന് ഒപ്പമായിട്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി. “ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും സത്യത്തിനൊപ്പമേ ബിജെപി നിലകൊള്ളൂ. വി.ഡി. സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോട് ഒപ്പമാണെന്ന് പറഞ്ഞ് ക്രൈസ്തവങ്ങളെ പറ്റിച്ചു,” സുരേന്ദ്രൻ ആരോപിച്ചു. ക്രൈസ്തവ സഭകളുടെ സ്വതന്ത്ര പാർട്ടി രൂപീകരണ ആലോചനയും അദ്ദേഹം പരാമർശിച്ചു. “എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ക്രൈസ്തവ സമൂഹം വിശ്വസിക്കാതെ പോകുന്നത് അവർ ക്രൈസ്തവരെ അവഗണിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഒപ്പമേ നിൽക്കുന്നുള്ളൂവെന്ന് തിരിച്ചറിഞ്ഞതിനാലാണ്,” എന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
0 Comments