ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികൾക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി എക്സൈസ്. പ്രതികളെ ചോദ്യം ചെയ്യാൻ നൂറിലധികം ചോദ്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപചോദ്യങ്ങൾ വേറെയും തയ്യാറാക്കിയിട്ടുണ്ട്. 25 ചോദ്യങ്ങൾ സിനിമ മേഖലയുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ്. ഷൈൻ ടോം ചാക്കോയുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തും.
ഷൈനുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്ലിമയെ അറിയാമെന്നു ഷൈൻ ടോം ചാക്കോയും മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് എക്സൈസ് പരിശോധിക്കുക. മൂന്ന് സംഘങ്ങളായിരിക്കും മൂന്നു പ്രതികളെയും ചോദ്യം ചെയ്യുക.
അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് ചോദ്യം ചെയ്യും. പ്രതികളുടെ മൊഴികളിലെ വൈരുധ്യം മനസിലാക്കാനാണ് നീക്കം. കേസിൽ ഇതിനോടകം 25 പേരുടെ മൊഴികൾ രേഖപ്പെടുത്തി. മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കേസിൽ റിമാൻഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയും ഒറ്റയ്ക്കിരുത്തിയും ചോദ്യം ചെയ്യും. മുഖ്യപ്രതിയായ സുൽത്താൻ അക്ബർ അലിക്ക് കഞ്ചാവ് കടത്തിന് പുറമേ സ്വർണക്കടത്തുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെയും കൃത്യമായ വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഷൈൻ ടോം ചാക്കോ ഉൾപ്പടെ തസ്ലിമ പേര് വെളിപ്പെടുത്തിയ സിനിമ നടന്മാർക്ക് നോട്ടീസ് അയക്കുകയുള്ളു.
0 Comments