തിരുവനന്തപുരം : ഷവർമ കഴിച്ചവർ 30തോളം പേർ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് സംഭവം. ഇവർ ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾ എന്ന ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ഷവർമ കഴിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയോടെ ഇവർക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ അനുഭവപ്പെടുകയും ചികിത്സ തേടുകയുമായിരുന്നു.
പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ഹോട്ടൽ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഭക്ഷ്യവിഷബാധയാണോ കാരണമെന്നറിയാൻ മസാല പുരട്ടിയ ചിക്കനും മയോണൈയ്സും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുള്ളതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പലരും ചികിത്സയിൽ തുടരുകയാണെങ്കിലും ആരുടെയും നില ഗുരുതരമല്ല. സാമ്പിളുകളുടെ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് മറ്റ് നടപടികൾ സ്വീകരിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകൾ ആലോചിക്കുന്നത്. ഷവർമ്മയ്ക്ക് ഒപ്പം നൽകിയ മയോണെയ്നിൽ നിന്നാവാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിലവിൽ അനുമാനിക്കുന്നത്. ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ കണ്ടെത്തൽ ആശങ്കയിലാക്കിയിട്ടുണ്ട്.
കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പത്തു പേരും മറ്റുള്ളവർ മണക്കാട്, ആനയറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റവർ കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട എന്നിവിടങ്ങളിലുള്ളവരാണ്.
0 Comments