banner

പാമ്പ് പിടിത്തക്കാരന്റെ വീട്ടിൽ സൂക്ഷിച്ച അണലി പ്രസവിച്ചു; 40 കുഞ്ഞുങ്ങൾ സുരക്ഷിതർ, വീട്ടുവളപ്പിൽ നിന്ന് പിടികൂടിയത് ഒരാഴ്ച മുമ്പ്

ആലപ്പുഴ / തുറവൂർ : പാമ്പ് പിടിത്തക്കാരന്റെ വീട്ടിലെ അണലി ഒറ്റ പ്രസവത്തിൽ ജന്മം നൽകിയത് 40 കുഞ്ഞുങ്ങൾക്ക്. പട്ടണക്കാട് പാറയിൽ ഭാഗം കുര്യൻചിറ തമ്പിയുടെ വീട്ടിലാണ് ഈ കൗതുക കാഴ്ച. 

കുത്തിയതോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി സുഗുണാനന്ദന്റെ പറയക്കാട്ടിലെ വീട്ടുവളപ്പിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച തമ്പി പിടിച്ച അണലിയാണ് ഒറ്റ പ്രസവത്തിൽ ഇത്രയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

നാട്ടിൽ പാമ്പ് ശല്യമേറിയതോടെ വീടുകളിലും പറമ്പുകളിലും കാണുന്ന പാമ്പുകളെ പിടികൂടാൻ തമ്പിയെയാണ് ജനം ആശ്രയിക്കാറ്. വനം വകുപ്പിൽ നിന്ന് പാമ്പുപിടുത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഇദ്ദേഹം പിടികൂടുന്ന പാമ്പുകളെ വനം വകുപ്പിന് കൈമാറുകയാണ് പതിവ്.

ഗർഭിണിയായ അണലിയെ തന്റെ വീട്ടിലെത്തിച്ച് പ്രത്യേകം സൂക്ഷിക്കുന്നതിനിടെയാണ് പ്രസവിച്ചത്. ഏകദേശം ആറ് വയസ് പ്രായമായ അണലിക്ക് ഒന്നരയടി നീളമുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി തമ്പി പറഞ്ഞു. 2024 മേയ് മാസത്തിൽ പടിഞ്ഞാറെ മനക്കോടത്തെ പുരയിടത്തിൽ നിന്ന് പിടികൂടിയ മലമ്പാമ്പിനെ അടയിരുത്തി 10 കുഞ്ഞുങ്ങളെ തമ്പി വീട്ടിൽ വിരിയിച്ചിരുന്നു.

Post a Comment

0 Comments