Latest Posts

പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; പരിക്കേറ്റ വ്യോമസേനാ പരിശീലകൻ മരിച്ചു


ന്യൂഡൽഹി : ഡൽഹിയുടെ ആഗ്രയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ സംഭവിച്ച അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വ്യോമസേനാ പരിശീലകൻ മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമിലെ പാരാ ജമ്പ് ഇൻസ്ട്രക്ടറായ കര്‍ണാടക സ്വദേശി വാർറന്റ് ഓഫീസർ മഞ്ജുനാഥ് ആണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച നടന്ന ഡെമോ ഡ്രോപ്പ് പരിശീലനത്തിനിടെ മഞ്ജുനാഥിന്റെ പാരച്യൂട്ടിൽ തകരാറുണ്ടായതിനാൽ അദ്ദേഹം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഗുരുതര പരിക്കുകളോടെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ചികിത്സ ഫലിക്കാതെ മരണം സംഭവിച്ചെന്ന് വ്യോമസേനയുടെ ഔദ്യോഗിക എക്‌സ് (മുൻപ് ട്വിറ്റർ) പേജിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്. മഞ്ജുനാഥും മറ്റു 11 ട്രെയിനികളും ഉൾപ്പെടെ ആകെ 12 പേരാണ് വ്യോമസേനാ വിമാനത്തിൽ നിന്ന് സ്കൈഡൈവ് ചെയ്തത്. മറ്റുള്ളവർ സുരക്ഷിതമായി നിലംതൊടുമ്പോൾ, മഞ്ജുനാഥിന്റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വ്യോമസേനയുടെ നിർണ്ണായക നഷ്ടം

വ്യോമസേനാ ഉദ്യോഗസ്ഥൻ മഞ്ജുനാഥിന്റെ ദാരുണമരണത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് (IAF) അതീവ ദുഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ വേദനയിൽ ഐക്യപ്പെടുന്നുവെന്നും ഔദ്യോഗിക എക്‌സ് പോസ്റ്റിൽ അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെടുന്നത്. ഗുജറാത്തിലെ ജാംനഗറിൽ പരിശീലനത്തിനിടെ വിമാനം തകർന്നുണ്ടായ അപകടത്തിൽ ജാഗ്വാർ യുദ്ധവിമാനത്തിന്‍റെ പൈലറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. അസാമാന്യ ധൈര്യത്തോടെ നിരവധി ജീവനുകൾ രക്ഷിച്ച ശേഷമായിരുന്നു സിദ്ധാർത്ഥിന്‍റെ മരണം. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യാനും സിദ്ധാർത്ഥ് സഹായിച്ചിരുന്നു. റെവാരി നിവാസിയായ 28 കാരൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് സിദ്ധാർത്ഥ് യാദവ് ആണ് മരിച്ചത്. സിദ്ധാര്‍ഥ് യാദവ് അവധിക്കുശേഷം തിരികെ ജോലിക്ക് പ്രവേശിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 2016-ല്‍ എന്‍ഡിഎ പരീക്ഷ പാസ്സായാണ് റെവാരിയിലെ ഭല്‍ഖി-മജ്ര ഗ്രാമത്തില്‍ നിന്നും സിദ്ധാര്‍ഥ് വ്യോമസേനയിലെത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു. നവംബര്‍ രണ്ടിന് വിവാഹം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിച്ചത്‌.

0 Comments

Headline