banner

വീണ്ടും ക്രൈസ്തവ വേട്ടയോ?; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്; ആരോപണം വ്യാജമെന്ന് കത്തോലിക്ക സഭ


ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്ന ക്രൈസ്തവരോടുള്ള അതിക്രമം വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുമ്പോൾ, ഛത്തീസ്ഗഡിൽ പുതിയൊരു വിവാദം ഉയര്‍ന്നു. ജാഷ്പൂർ ജില്ലയിലെ കുങ്കുരി ടൗണിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളജിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ബിന്‍സി ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുണ്ട്. എഫ്ഐആർ നമ്പർ 76/2025 എന്ന നമ്പറിൽ, ഇന്ത്യയിലെ പുതിയ ഭാരതീയ ന്യായ സംഹിതയുടെ (BNS) 299, 351 വകുപ്പുകൾ പ്രകാരമാണ് സിസ്റ്റർ ബിന്‍സിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. പ്രസ്തുത വിദ്യാർത്ഥിനിയുടെ ആരോപണമനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ പ്രിൻസിപ്പൽ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം.

പ്രതിപക്ഷം ആരോപിക്കുന്ന ക്രൈസ്തവ വേട്ട തുടർക്കഥയാകുന്നു
ഇത് സിപിഎം, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലടക്കം ഉന്നയിച്ച, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവരോടുള്ള അതിക്രമങ്ങളുടെ തുടർച്ചയായാണ് വിലയിരുത്തുന്നത്. മധ്യപ്രദേശിലെ ജബൽപൂർ, ഒഡീഷയിലെ ബഹറാംപൂർ എന്നിവിടങ്ങളിൽ മലയാളി കത്തോലിക്ക വൈദികരെ സംഘപരിവാര്‍ സംഘടനകള്‍ക്കും പോലീസിനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവങ്ങളും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

സിസ്റ്റർ ബിന്‍സിയുടെ വിശദീകരണം
തനിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും താന്‍ ഒരിക്കലും വിദ്യാർത്ഥിയെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും സിസ്റ്റർ ബിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കാരി, GNM (General Nursing and Midwifery) അവസാന വര്‍ഷ വിദ്യാർത്ഥിയാണ്. ഈ വര്‍ഷം ജനുവരിയോടുകൂടി ഹോസ്പിറ്റൽ ജോലികളിൽ നിന്നും, പിന്നീട് തിയറി ക്ലാസുകളിലും സ്ഥിരമായി കയറാത്ത സ്ഥിതയായിരുന്നുവെന്ന് കോളജ് അധികൃതര്‍ പറയുന്നു. അധ്യാപകരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്താനും ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. വിദ്യാർത്ഥിനിക്ക് കോളജ് പലവട്ടം നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഈ മാസം ആദ്യം ഹാജരായത്. അതിനുശേഷമാണ് വിശദീകരണം നല്‍കുകയും, കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ അറിയിക്കപ്പെടുകയും ചെയ്തത്. ഇന്ത്യയിലെ നഴ്‌സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം 80% ഹാജര്‍ ഉണ്ടായാലേ പരീക്ഷ എഴുതാനാവൂ. എന്നാല്‍ അവൾക്ക് വെറും 32% ഹാജര്‍ മാത്രമാണ്. ഇങ്ങിനെയാണ് വിഷയത്തിന്റെ പശ്ചാത്തലം.

പരാതിയും തുടര്‍നടപടിയും
ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥിനി ജില്ലാകലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനുമെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് ഞായറാഴ്ചയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സിസ്റ്റർ ബിന്‍സിയുടെ വാദം അനുസരിച്ച്, ഇതുവരെ കോളജിനെയോ തങ്ങളെയോതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടില്ല. വ്യക്തിപരമായ പഠന പിഴവുകൾ മറച്ചുവയ്‌ക്കാനുള്ള ശ്രമമായാണ് അവർ ഈ പരാതിയെ കാണുന്നത്.

ഹോളിക്രോസ് ആശുപത്രിയുടെ പശ്ചാത്തലം
1958ല്‍ കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ ഒരു ചെറിയ ഡിസ്പെന്‍സറിയായി ആരംഭിച്ച ഹോളിക്രോസ് ആശുപത്രി, ഇപ്പോള്‍ 150 കിടക്കകളുള്ള ആധുനിക മെഡിക്കൽ സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്. ജാഷ്പൂര്‍ രൂപതയുടെ കീഴിലാണ് ഹോളിക്രോസ് ആശുപത്രിയും നഴ്‌സിംഗ് കോളജുമുള്ളത്.

إرسال تعليق

0 تعليقات