സമയം വെള്ളിയാഴ്ച രാത്രി 11.15. നിറഞ്ഞു കവിഞ്ഞ സിനിമ തിയറ്ററിലേ പടുകൂറ്റൻ സ്‌ക്രീനിൽ ‘ A Jithin Laal Film’ എന്ന് എഴുതി കാണിച്ചപ്പോൾ എങ്ങും നിറഞ്ഞ കയ്യടികൾ. ഒരു നിമിഷം നാട്ടിലെത്തിയോ എന്ന് തോന്നിപ്പിക്കും വിധം തായ്പേയിലെ ഏറ്റവും വലിയ ടൈറ്റാൻ തിയേറ്ററിൽ കണ്ടത് അവിശ്വസനീയ കാഴ്ച ആയിരുന്നു. ഒരു മലയാളം സിനിമയെ ഒരു കൊച്ചു രാജ്യത്തെ വലിയ ജനക്കൂട്ടം നെഞ്ചേറ്റിയ അത്യപൂർവ കാഴ്ച ആയിരുന്നു അത്. ദി മോഷൻ പിക്ചേഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആർ.ഒ.സിയുടെ തായ്പേയ് ഗോൾഡൻ ഹോഴ്സ് ഫെന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന്‍റെ (TGHFF) ഭാഗമായാണ് ‘അജയന്റെ രണ്ടാം മോഷണം’ (ARM) തായ്പേയിൽ പ്രദർശിപ്പിച്ചത്.
ടൊവിനോയെയും ജിതിൻലാലിനെയും കാണാൻ ഒരുപാട് ആളുകൾ വന്നിരുന്നു. ഇംഗ്ലീഷ്, ചൈനീസ് സബ്‌ടൈറ്റിലുകൾ വായിച്ചിട്ടും ആളുകള്‍ സിനിമ ആസ്വദിച്ചു എന്നതിന്റെ ഉദാഹരണമായിരുന്നു തമാശ രംഗങ്ങളിലൊക്കെ ആളുകൾ പൊട്ടിചിരിച്ചത്. കേളുവിനെയും മണിയനെയും അജയനെയും വൈകാരികമായി തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തു എന്ന് നിസംശയം പറയാം.
“കഴിഞ്ഞ പത്തു വർഷത്തിനിടക്ക് ഞാൻ തായ് വാനിൽ തിയേറ്ററിൽ പോയി ഒരുപാട് സിനിമകൾ കണ്ടിട്ട് ഉണ്ട്. മലയാളം സിനിമകൾ ആകെ രണ്ടെണ്ണം മാത്രെമേ കണ്ടിട്ടുള്ളു. ഇതിനു മുന്നേ ഇവിടെ തിയേറ്ററിൽ പോയി കണ്ടത് ജൂഡ് സംവിധാനം ചെയ്ത 2018 ആയിരുന്നു. തായ്‌വാനീസ് ആളുകൾ കൂടുതലും കാണുന്നത് ചൈനീസ്, കൊറിയൻ ഡ്രാമകളും, ഇംഗ്ലീഷ് സിനിമകളും ആണ്. ഒരുപക്ഷേ ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾ ലോകത്ത് ഉണ്ടാകും”, എന്നായിരുന്നു ടൊവിനോ ഇതേപറ്റി പറഞ്ഞത്.
2024 സെപ്റ്റംബറിൽ റിലീസ് ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായിരുന്നു റിലീസ് ചെയ്തത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരായിരുന്നു നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
0 Comments