banner

കൊട്ടാരക്കര പുത്തൂരിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരണം; അബിൻ ഇനി മരണ ശേഷവും ജീവിക്കും ആറു പേരിലൂടെ

ഇടുക്കി, ചെറുതോണി : ഇടുക്കിയിലെ പാറേമാവ് ഈട്ടിക്കൽ (തോണിയിൽ) സ്വദേശി അബിൻ ശശി (25) ഇനി മരണ ശേഷവും ജീവിക്കും, ആറു പേരിലൂടെ. മസ്തിഷ്കമരണത്തിന് പിന്നാലെ ബന്ധുക്കളുടെ സമ്മതപ്രകാരം കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് വൃക്കകൾ, കരൾ, ഹൃദയവാൽവുകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.

കൊട്ടാരക്കരയിലെ സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അബിൻ, ഏപ്രിൽ 15-ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽവെച്ച് ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ആദ്യം കൊട്ടാരക്കരയിലെ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഏപ്രിൽ 18-ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

അതിനുശേഷം അബിന്റെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടികൾ നടപ്പാക്കിയത്.

ഇടുക്കി കൊലുമ്പൻ കോളനിയിലെ പാറേമാവ് ഈട്ടിക്കൽ (തോണിയിൽ) സ്വദേശികളായ ശശിയുടെയും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിൻ ശശി. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ പിന്മുറക്കാരനുമാണ് മരിച്ച അബിൻ. സഹോദരൻ: മാധവ് (ചന്തു).

Post a Comment

0 Comments