കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എ കെ ജി സെന്ററില്‍ നിന്നല്ല ദിവ്യ ശമ്ബളം വാങ്ങുന്നത് എന്ന് ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐ എ എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് എന്നും എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യര്‍ എന്നും വിജില്‍ കുറ്റപ്പെടുത്തി. മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന സമയത്ത് ഉമ്മൻചാണ്ടിയുടെ പേര് പോലും പരാമർശിക്കാതെ പിണറായി സ്തുതി നടത്തിയതിനും, പിന്നീട് മന്ത്രി പദവി ഉപേക്ഷിച്ച് എംപി സ്ഥാനം ഏറ്റെടുത്ത കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്ത ചിത്രം പങ്കുവെച്ചപ്പോഴും ദിവ്യ എസ് അയ്യർക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ദിവ്യയുടെ സിപിഎം പ്രീണനം മൂലം പാർട്ടിക്കുള്ളിൽ നിന്ന് ഭർത്താവായ മുന് എംഎൽഎ കെ ശബരിനാഥനും നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം...
ശ്രീ കെകെ രാഗേഷിനായി സര്‍വീസ് ചട്ടങ്ങള്‍ മറന്ന് വാഴ്ത്ത് പാട്ട് പാടുന്ന ശ്രീമതി. ദിവ്യ മേഡം ഐ.എ.എസ്. കെ.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കിതിനാണീ കസര്‍ത്തെല്ലാം. പാടുക നിരന്തരം തരവും ശബ്ദമൊപ്പിച്ച്, കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക’… പിണറായിക്കാലത്ത് എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്ബളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണം.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ഇവര്‍. ഔദ്യോഗിക കൃത്യ നിര്‍വ്വഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്…? ഭരണചക്രം തിരിയുമ്ബോള്‍ തരം പോലെ കളം മാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നത്. അപ്പോള്‍ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്….അത്യന്തം ഗൗരവമുള്ള പദവികളില്‍ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്.
ദിവ്യ എസ് അയ്യരുടെ സര്‍ക്കാര്‍ സ്തുതികളില്‍ മുമ്ബും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്ബും ഇവര്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളുടേതാണെങ്കിലും സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വ്വം മൗനം പാലിച്ചിട്ടുണ്ട്.വികസന പ്രവര്‍ത്തികളുടെ നാള്‍ വഴികള്‍ പോലും പഠിക്കാതെ യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങള്‍ വേണ്ടിയുള്ള ആശ്ലേഷങ്ങള്‍ ഇവര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു,’ എന്നാണ് വിജിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ്, യുഡിഎഫ് അണികളില്‍ നിന്നും ദിവ്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ചിലത് ചുവടെ വായിക്കാം
‘താങ്കളുടെ രാഷ്ട്രീയം ഏതുമാവാം പക്ഷേ ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നു പോകരുത്. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയുടെ നിലവാരത്തിലേക്ക് താങ്കള്‍ താഴരുത്,’ എന്നാണ് ഒരു കമന്റ്.
ഐഎഎസുകാരുടെ നിലവാരം കളയരുത്. താങ്കളുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ഐഎഎസ് നിലവാരത്തോട് പലപ്പോഴും താഴേക്ക് പോകുന്നു,’ എന്നാണ് മറ്റൊരു കമന്റ്.
‘ദിവ്യക്ക് ഖജനാവില്‍ നിന്ന് ശമ്ബളം തരുന്നത് സിപിഎമ്മിന്റ് പിആര്‍ വര്‍ക്കിനാണോ..? ദിവ്യ എസ് അയ്യര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കുറിച്ചാണ് ഈ എഴുതുന്നത്. അല്ലാതെ ശബരിനാഥന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ കുറിച്ചല്ല.. ( ഭര്‍ത്താവിന്റെ ആശയങ്ങളുമായി ഒരു ബന്ധവും ഇല്ലെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ താങ്കളില്‍ നിന്ന് അങ്ങനെ ഒന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല.. ഞങ്ങള്‍ക്ക് ആവശ്യവുമില്ല)ഒരു വ്യക്തി എന്ന നിലയില്‍ ഏത് നിലപാട് സ്വീകരിക്കാനും അഭിപ്രായം പറയാനും ഏതൊരാള്‍ക്കും ഉള്ള അവകാശം പോലെ താങ്കള്‍ക്കും ഉണ്ട്. എന്നാല്‍ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടി ഇല്ലാത്തവനുമൊക്കെ ഖജനാവിലേക്ക് നികുതി നല്‍കുന്നുണ്ട്. ആ പണം ശമ്ബളമായി കൈപ്പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ എങ്ങനെയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന് വേണ്ടി പ്രൊമോഷന്‍ പണി എടുക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം.ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണോ ഇനി സിപിഎം ജില്ലാ സെക്രട്ടറി പോസ്റ്റ്..? ഞങ്ങളുടെ അറിവില്‍ അല്ല… സൊ.. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്യവേ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് പ്രൊമോഷന്‍ പണി എടുക്കുന്ന താങ്കളുടെ മുന്നില്‍ വരുന്ന പരാതികളില്‍. താങ്കള്‍ ഇടപെടുന്ന വിഷയങ്ങളില്‍ ഒക്കെയും ആ രാഷ്ട്രീയ വിവേചനം ഉണ്ടാകുമെന്ന് ജനം സംശയിച്ചാല്‍ അതിന് എന്താണ് ഉത്തരം…?ഇതിന്റെ നിയമ വശം കൂടെ പരിശോധിച്ച് ചട്ട ലംഘനം ഉണ്ടെങ്കില്‍ വേണ്ട നടപടികള്‍ എടുക്കാന്‍ രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് മറ്റൊരു പോസ്റ്റ്.
0 Comments