ഇടുക്കി : ഇടുക്കി ഉപ്പുതറയിൽ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചുവെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു. കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കടപ്പിരിവും അതിന്റെ സമ്മർദവുമാണ് സംഭവത്തിൽ പ്രധാന കാരണമെന്നാണു പ്രാഥമിക വിവരം. വൈകിട്ട് 4.30 ഓടെ അമ്മ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കാതിൽ മുട്ടിവിളിച്ചും ഉത്തരമില്ലാതിരുന്നതിനെ തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് നാല് പേരെയും ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ വാങ്ങിയതിനായി എടുത്ത വായ്പയുമായി ബന്ധപ്പെട്ടുള്ള കടം തിരിച്ചടയ്ക്കാൻ ധനകാര്യ സ്ഥാപനത്തിന്റെ കടുത്ത സമ്മർദം ഉണ്ടായിരുന്നു എന്നാണ് സജീവിന്റെ അച്ഛന്റെ ആരോപണം. ആത്മഹത്യക്കുറിപ്പിൽ കട്ടപ്പനയിലെ ഒരു ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെനും ആത്മഹത്യയ്ക്ക് മറ്റാർക്കും പങ്കില്ലെന്നുമാണ് വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
0 تعليقات