banner

സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്ന സംഭവം; സംഘാടക സമിതിക്കെതിരെ കേസെടുത്ത് പൊലീസ്; പരിക്കേറ്റവരിൽ നാല് പേർ ആശുപത്രിയിൽ


കൊച്ചി : കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് ഇപ്പോൾ പോത്താനിക്കാട് പോലീസ് പരിശോധന നടത്തുകയാണ്. അപകടത്തിൽ 52 പേർക്കാണ് പരിക്കേറ്റത്. 

ഇവരിൽ നിലവിൽ നാല് പേർ ആശുപത്രിയിൽ തുടരുന്നുണ്ട്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ട് പേരും തൊടുപുഴ ഹോളി ഫാമിലിയിലും ബസേലിയോസ് ആശുപത്രിയിലും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ടൂർണമെന്റിന്‍റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം. 

അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു അപകടം.

ഇന്ന് മത്സരത്തിന്‍റെ ഫൈനലായിരുന്നു. കവുങ്ങിന്‍റെ തടികൊണ്ട് നിർമ്മിച്ച താൽക്കാലിക ഗാലറിയാണ് തകർന്നത്. മത്സരം തുടങ്ങുന്നതിന് മുൻപ് വിജയികൾക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. 

അവധി ദിവസമായതിനാൽ നിരവധി പേരാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments