തിരുവനന്തപുരം : ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മാതാ അമൃതാനന്ദമയി. ധൈര്യം, വിനയം, സാർവത്രിക സ്നേഹം എന്നീ മൂല്യങ്ങളാണ് അദ്ദേഹം ജീവതത്തിലുടനീളം പ്രതിഫലിപ്പിച്ചതെന്നു അവർ അനുസ്മരിച്ചു.
വിഭജനത്തിന്റെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ട വ്യക്തിത്വമാണ് പോപ്പിന്റേതെന്നും അവർ വ്യക്തമാക്കി. ‘അദ്ദേഹം പലർക്കും വഴികാട്ടിയായി. വിഭജനങ്ങളുടെ ലോകത്ത് ഐക്യത്തിനായി നിലകൊണ്ടു’- അവർ അനുസ്മരിച്ചു.
മനുഷ്യക്കടത്തും നിർബന്ധിത ജോലിയും ഉൾപ്പെടെയുള്ള ആധുനിക അടിമത്തത്തിനെതിരായ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കാൻ ഫ്രാൻസിസ് മാർപാപ്പയെ 2014 ൽ വത്തിക്കാൻ സന്ദർശിച്ചതും അമൃതാനന്ദമയി അനുസ്മരിച്ചു. ആ കൂടിക്കാഴ്ച ഹൃദ്യവും പ്രചോദനാത്മകവുമാണെന്ന് അവർ വിശേഷിപ്പിച്ചു.
‘അദ്ദേഹം എന്നെ തുറന്ന കൈകളാൽ സ്വീകരിച്ചു. ആ നിമിഷത്തെയും ഞങ്ങളുടെ കൂടിക്കാഴ്ചയെയും ഞാൻ വിലമതിക്കുന്നു. അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ആ വിലയേറിയ നിമിഷത്തിൽ ഒന്നിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരു ആത്മാവിനെ, മാനവികത കുടുംബമായി സ്വീകരിച്ച ഒരു നേതാവിനെ ഞാൻ കണ്ടു.’ ‘അദ്ദേഹത്തിന്റെ വിയോഗത്തിൽ നാം ദുഃഖിക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിതം പിന്തുടരുകയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും വേണം’- അമൃതാനന്ദമയി അനുസ്മരണ സന്ദേശത്തിൽ വ്യക്തമാക്കി.
0 Comments