കൊല്ലം : അമിത വേഗത്തിൽ എത്തിയ കാർ മൈലക്കാട് ക്ഷേത്രത്തിന്റെ ഗേറ്റ് ഇടിച്ചുതകർത്ത ശേഷം റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ, കാറിലുണ്ടായിരുന്ന കൊല്ലം ആശ്രാമം സ്വദേശികളായ യുവതിയെയും യുവാവിനെയും ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ഇന്നലെ വൈകിട്ട് ആറ് മണിയോടെ മൈലക്കാട് ക്ഷേത്രത്തിനടുത്ത് വെച്ചാണ് ഉണ്ടായത്.
പ്രദേശവാസികൾ പറയുന്നതിങ്ങനെ: ഉച്ച മുതൽ ക്ഷേത്രത്തിന് സമീപത്തെ കായലോരത്ത് കാർ കിടപ്പുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ആറരയോടെ കാറിന് സമീപമെത്തി നോക്കി. ഇതോടെ കാറിലുണ്ടായിരുന്ന യുവതിയും യുവാവും പ്രകോപിതരായി. തൊട്ടുപിന്നാലെ കാർ അമിതവേഗത്തിൽ ക്ഷേത്ര കോമ്പൗണ്ടിലെ കയറ്റം കയറി അടച്ചിട്ടിരുന്ന ഗേറ്റ് തകർത്തു. വീണ്ടും ചീറിപ്പാഞ്ഞ കാർ റോഡിലൂടെ പോവുകയായിരുന്ന പരവൂർ കോടതിയിലെ ജീവനക്കാരൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടച്ചുവീഴ്ത്തി. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെയും യുവാവിനെയും നാട്ടുകാർ തടഞ്ഞുനിറുത്തി പൊലീസിന് കൈമാറുകയായിരുന്നു. തകർന്ന ഗേറ്റ് തട്ടി മൈലക്കാട് സ്വദേശിയായ യുവാവിനും പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന രണ്ടുപേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇവർ ലഹരി ഉപയോഗിച്ചിരുന്നില്ല. തുടർന്ന് അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്ത് വിട്ടയച്ചുവെന്ന് ചാത്തന്നൂർ പൊലീസ് പറഞ്ഞു.
0 Comments