തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് കാസർകോട് തുടക്കം. വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടർഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് കോടികളാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ സർക്കാരിൻ്റെ ധൂർത്തിൽ വൻ വിമർശനമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്.
നവകേരളത്തിൻ്റെ വിജയമുദ്രകൾ എന്ന ലഘുലേഖ പുറത്തിറക്കി ഭരണനേട്ടം പറഞ്ഞാണ് എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നത്. വാർഷികം ആഘോഷിക്കാൻ സർക്കാരിന് എന്ത് അവകാശമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ക്ഷേമപെൻഷൻ കൊടുക്കുന്നില്ല, സർക്കാർ ആശുപത്രികളിൽ മരുന്നില്ല, വന്യജീവി ആക്രമണം ചെറുക്കാൻ കിടങ്ങ് കുഴിക്കാൻ പോലും പണമില്ല. ഈ ആഘോഷം തമാശയായി മാറും.
ജനം വെറുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി വീണ്ടും പരിഹാസപാത്രമാകാതെ ആഘോഷങ്ങൾ നിർത്തിവയ്ക്കണമെന്നും ഈ പണം ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിൻ്റെ ധൂർത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളിൽ സഹകരിക്കില്ല. അതേസമയം, ആഘോഷം ധൂർത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി രംഗത്തെത്തി. സർക്കാരിൻ്റെ വാർഷികാഘോഷത്തിൽ എവിടെയാണ് ധൂർത്തെന്ന് ബാലഗോപാൽ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് ചെലവാക്കുന്നത്. ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ചെയ്‌തവ കാണിക്കാനാണ് പരസ്യം.
നഗരിയിൽ 40 ശതമാനം കൊമേഴ്സ്യൽ സ്‌റ്റാളുകളായിരിക്കും. അതിൽനിന്ന് വാടക ലഭിക്കും. സർക്കാരിന് അമിത പിആർ വർക്കില്ലെന്നും കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു. സാധാരണ നടത്തുന്നതിൽ അപ്പുറം ഒന്നുമില്ലെന്നും എല്ലാ സർക്കാരുകളും ചെയ്യുന്നതാണ് ചെയ്യുന്നതെന്നും കോടികൾ ചെലവാക്കുന്നുവെന്നത് വാർത്തകൾ മാത്രമെന്നും മന്ത്രി കെ. രാജനും പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോർഡുകളാണ് നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി ഉയർത്തുക. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെയാണ്.
0 Comments