കൊല്ലം : യാത്രക്കാരെ പെരുവഴിയിലാക്കി രാത്രി എട്ടിന് മുമ്പേ കൂട്ടത്തോടെ സർവീസ് നിറുത്തി ജില്ലയിലെ സ്വകാര്യ ബസുകൾ. കെ.എസ്.ആർ.റ്റി.സി ഓർഡിനറി സർവീസ് കുറവായതിനാൽ പ്രധാന നഗര ഭാഗങ്ങളിലും ഇടറോഡുകളിലും രാത്രി എട്ട് കഴിഞ്ഞാൽ ബസ് കിട്ടാതെ സാധാരണ യാത്രക്കാർ വലയുകയാണ്.
ഭൂരിഭാഗം സ്വകാര്യ ബസുകളുടെ പെർമിറ്റ് രാത്രി 9 മുതൽ 11 വരെയാണെങ്കിലും, ഇന്ധനച്ചെലവിന് അനുയോജ്യമായ ടിക്കറ്റ് വരുമാനം ലഭിക്കാത്തതിനാൽ ബസുകൾ വൈകാതെ പെർമിറ്റ് സമയത്തിന് മുൻപ് അവസാനിപ്പിക്കുകയാണ് പതിവ്. വരുമാനമില്ലാത്ത അവസ്ഥയുള്ളതിനാൽ ബസ് ജീവനക്കാരിൽ വലിയൊരു വിഭാഗം രാത്രി ജോലിയ്ക്ക് തയ്യാറാകുന്നില്ല. ഇടറോഡുകളിലെ ബസുകൾ ഒരേ റൂട്ടിൽ ആവശ്യത്തിന് പോലുമില്ല, പക്ഷെ ഇതാണെങ്കിൽ പല സമയങ്ങളിലും ഓടുന്നതുമില്ല. ഇതുമൂലം യാത്രക്കാർ കിലോമീറ്ററുകൾ ഓട്ടോറിക്ഷയുടെ സേവനം തേടേണ്ട സാഹചര്യത്തിലാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരാണ് കൂടുതലും ബുദ്ധിമുട്ടിലാകുന്നത.
ദേശീയപാത നിർമാണം മൂലമുള്ള കുരുക്കും സർവീസുകൾ നേരത്തെ അവസാനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കുരുക്കിൽ സമയ നഷ്ടമാകുന്നതിനാൽ പല ഡ്രൈവർമാരും അവസാന ട്രിപ്പ് ഉപേക്ഷിക്കുന്നു. ഒരു ആഴ്ച മുൻപ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പല സ്വകാര്യ ബസുകൾക്കും പിഴ ചുമത്തിയിരുന്നു. എന്നാൽ, പെർമിറ്റ് പ്രകാരമുള്ള സർവീസ് തുടരാൻ ബസുകൾ തയ്യാറാകുന്നില്ല. രാത്രി എട്ടിന് ശേഷം യാത്രക്കാർ പെരുവഴിയിലാകുന്ന സാഹചര്യം തുടരുന്നു. യാത്രക്കാരില്ലാത്ത സമയങ്ങളിലും ബസുകൾ ഓടാറില്ല. സ്ഥിരമായ പരിശോധന ഇല്ലാത്തതിനാൽ ട്രിപ്പ് നിർത്താനും തുടങ്ങാനും ഇവർക്ക് ആരെയും പേടിക്കേണ്ടതില്ല. ജില്ലയിൽ ഏകദേശം 850 സ്വകാര്യ ബസ് പെർമിറ്റുകളാണ് നിലവിലുള്ളത്.
അതേ സമയം, പരസ്പര ധാരണയോടെ സർവീസ് നടത്താൻ തയ്യാറായാൽ പ്രശ്നങ്ങൾ കുറയ്ക്കാമെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കുന്നത്. ഒരു റൂട്ടിൽ മൂന്ന് ബസുകളുണ്ടെങ്കിൽ ഓരോ ദിവസവും ഒരെണ്ണം പൂർണമായി ഓടാൻ ധാരണയാകണമെന്നും പെർമിറ്റ് ദൂരപരിധി കുറയ്ക്കുന്നതും പരിഗണിക്കാവുന്ന മാർഗമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
0 Comments