Latest Posts

രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം: അഞ്ചാലുംമൂട് കേന്ദ്രീകരിച്ചും ലഹരി സംഘങ്ങൾ സജീവം, പനയത്തെ മദ്യലഹരിയിലെ അക്രമം തെറ്റിനെതിരെയുള്ള പാഠമാകണം, അഷ്ടമുടിയിലും പ്രാക്കുളത്തും പോലീസ് നിരീക്ഷണം വർദ്ധിപ്പിക്കണം; ശ്രദ്ധിക്കണെ കുട്ടികളുടെ അവധിക്കാലം


അവധിക്കാലത്തെ സാഹചര്യത്തിൽ കുട്ടികളെ ലഹരിപദാർത്ഥങ്ങളുടെ പിടിയിൽ നിന്ന് സംരക്ഷിക്കണമെങ്കിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്കൂൾ അവധി ദിനങ്ങളിൽ കുട്ടികൾക്ക് ലഭിക്കുന്ന അധിക സമയം തെറ്റായ വഴികളിലേക്ക് തിരിയാതിരിക്കാൻ വീട്ടുകാരുടെ പങ്കാളിത്തം നിർണായകമാണ്. ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതോ വ്യാപകമാക്കുന്നതോ ചെയ്യുന്ന സംഭവങ്ങൾ പോലീസിന് തൽക്ഷണം അറിയിക്കണമെന്നാണ് പോലീസ് അധികൃതർ അറിയിക്കുന്നത്. അതിനായി നമ്മുടെ സ്റ്റേഷൻ പരിധിയിയായ അഞ്ചാലുംമൂട് സ്റ്റേഷനുമായി നേരിട്ട് ബന്ധപ്പെടാനോ ഫോൺ മുഖേന വിവരമറിയിക്കാനോ കഴിയും.

അടുത്തിടെയുള്ള ഒരു ഹൃദയവേദനാജനക സംഭവത്തിൽ, പനയത്ത് മദ്യലഹരിയിലായ യുവാവ് കുത്തേറ്റ് സുഹൃത്തിനാൽ കൊല്ലപ്പെട്ടിരുന്നു. ഒറ്റപ്പെട്ട് നടക്കുന്ന ഇത്തരം സംഭവങ്ങൾ എല്ലാവർക്കും പാഠമാക്കട്ടെ, ലഹരിയിൽ വീഴുമ്പോൾ ചെറുതും വലുതുമായ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അവർ, നമ്മുടെ കുട്ടികൾ ഓർമിക്കട്ടെ. ചെറിയ യാത്രകൾ, കൂട്ടുകാരോടൊപ്പം ചെലവഴിക്കുന്ന സമയം തുടങ്ങിയവയിൽ എന്തെല്ലാം സംഭവിച്ചേക്കാമെന്ന് രക്ഷിതാക്കൾ കുട്ടികളെയും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. 

ഇതിനൊപ്പം, എല്ലാവരും കൂട്ടുകാരാണെന്ന് വിശ്വസിക്കുന്ന കുട്ടികളോടും കൗമാരപ്രായക്കാരോടും രക്ഷിതാക്കൾ സൗഹൃദത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നു. സ്നേഹത്തോടെ സുഹൃത്തുക്കളുടെ യാഥാർത്ഥ്യം അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടത് വീട്ടിൽ നിന്നുതന്നെ ആരംഭിക്കണം. "ഒപ്പം നടക്കുന്നത് കൊണ്ട് മാത്രം ഒരാൾ സുഹൃത്താവുന്നില്ല, വഴികാട്ടുന്നവരാണ് യഥാർത്ഥ സുഹൃത്തുകൾ" എന്ന സന്ദേശം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. ഇതുവഴി, അവധിക്കാലം ഒരു സുരക്ഷിതവും ഉന്മേഷപൂർണവുമായ അനുഭവമാക്കാനും ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനുമുള്ള ശ്രമത്തിൽ രക്ഷിതാക്കൾ പങ്കാളിയാകണം.

അഞ്ചാലുംമൂട് മേഖല കേന്ദ്രീകരിച്ചും സമീപ പ്രദേശങ്ങളായ അഷ്ടമുടി, പ്രാക്കുളം എന്നിവിടങ്ങളിലുമായി ലഹരി സംഘങ്ങളുടെ സാന്നിധ്യം പോലീസ് കേസുകളിലുടെ നേരത്തെ അഷ്ടമുടി ലൈവ് തന്നെ റിപ്പോർട്ട് ചെയ്താണ്. കഴിഞ്ഞ ദിവസം പനയത്ത് മദ്യലഹരിയിൽ നടന്ന അക്രമം ഇത്തരം തിന്മകളുടെ ഭീകരത വ്യക്തമാക്കുന്ന പാഠമാകണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അവധിക്കാലത്തോടനുബന്ധിച്ച് ലഹരി ഉപയോഗം, ചതിച്ചുതരുന്ന കൂട്ടുകാരുടെ സ്വാധീനം തുടങ്ങിയ സാഹചര്യങ്ങൾ പ്രാധാന്യം നേടുന്നതിനാൽ, പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും രക്ഷിതാക്കൾ വ്യക്തമായ ശ്രദ്ധ പുലർത്തണമെന്നും പൊതു പ്രവർത്തകർ ആവശ്യപ്പെട്ടു.

0 Comments

Headline