banner

പി.ബി. യോഗം ശുപാര്‍ശ അംഗീകരിച്ചു: എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറി; ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ശേഷമുള്ള മലയാളി


മധുര : സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ നിശ്ചയിച്ചു. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ബേബിയുടെ പേര് ഔദ്യോഗികമായി ശുപാർശ ചെയ്‌തു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ ശുപാര്‍ശ അംഗീകരിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കും. ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യമുന്നയിച്ചില്ലെന്ന് വ്യക്തമായതോടെ തെരഞ്ഞെടുപ്പില്ലാതെ തന്നെ എം.എ. ബേബിയുടെ സ്ഥാനമേറ്റെടുക്കൽ ഉറപ്പായി.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ശേഷമുള്ള മലയാളിയായ ജനറൽ സെക്രട്ടറിയായിരിക്കും എം.എ. ബേബി. പാര്‍ട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമായി കണക്കാക്കപ്പെടുന്ന എം.എ. ബേബിയുടെ പേരാണ് ഇന്ന് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ അന്തിമമായി അംഗീകരിച്ചത്.

കൊല്ലം എസ്.എൻ കോളേജിൽ നിന്ന് സംഘടനാ പ്രവർത്തനം ആരംഭിച്ച ബേബി, ഇന്ന് പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തിച്ചേരുകയാണ്. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായി അദ്ദേഹം അധികാരമേൽക്കും.

ജനറൽ സെക്രട്ടറിയായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ, സമ്മേളന നഗരിയിലേക്ക് ഇന്ന് രാവിലെ പുറപ്പെട്ട എം.എ. ബേബിയെ അഭിനന്ദിക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും നിരവധി പാർട്ടി പ്രവർത്തകർ എത്തുന്നുണ്ടായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് പാർട്ടി കോൺഗ്രസിന്‍റെ ഉത്തരവാദപ്പെട്ട വ്യക്തികൾ പ്രതികരിക്കുമെന്ന് മാത്രമാണ് ബേബിയുടെ പ്രാഥമിക പ്രതികരണം.

ഇതിനിടെ, പുതിയ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസിനെ മാത്രമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. പ്രായപരിധി ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പി.കെ. ശ്രീമതി കമിറ്റിയിൽ തുടരും. പടിയിറങ്ങുന്ന പ്രകാശ് കാരാട്ടിനെയും വൃന്ദ കാരാട്ടിനെയും കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തും.

Post a Comment

0 Comments