banner

കൊല്ലത്ത് ട്രാൻസ്ജെൻഡർമാർക്കും തർക്കത്തിൽ ഇടപെട്ട കെ.എസ്.യു നേതാവിനും പിതാവിനും നേരെ പോലീസ് അതിക്രമം; തട്ടുകടയിലെ പൊലീസ് പ്രശ്നം ചോദ്യം ചെയ്തത് വൈരാഗ്യമായി; കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റാണെന്ന് പറഞ്ഞതോടെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച മകനെ ചെവിക്കല്ലിന് അടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ


കൊല്ലം : ഞായറാഴ്ച അർദ്ധരാത്രിയിൽ ട്രാൻസ്ജെൻഡർമാരെ ഉൾപ്പെടെ മർദ്ദിച്ചെന്ന പരാതിയെ തുടർന്ന് കൊല്ലം ഈസ്റ്റ് എസ്.ഐ ടി. സുമേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നാല് ട്രാൻസ്ജെൻഡർമാർക്കും കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എൻ. സെയ്ദിനും പിതാവ് എസ്.നാസറിനുമാണ് മർദ്ദനം ഉണ്ടായത്. ചിന്നക്കടയിലെ തട്ടുകട ജീവനക്കാരനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതും ആരോപണമായി ഉയർന്നു. ആശ്രാമം–ചിന്നക്കട റോഡിൽ നിൽക്കുകയായിരുന്ന സമയത്താണ് പട്രോളിംഗിന് എത്തിയ എസ്.ഐ മർദ്ദിച്ചതെന്ന് ട്രാൻസ്ജെൻഡർമാരുടെ പരാതി. 

എൻ. സെയ്ദ് നൽകിയ പരാതിയിൽ പറഞ്ഞത്: തെങ്കാശിയിലെ പള്ളിയിൽ പോയി പുലർച്ചെ പാലരുവി എക്സ്‌പ്രസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം കരിക്കോട് വീട്ടിലേക്ക് പോകാൻ ചിന്നക്കടയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ എതിർവശത്തുള്ള തട്ടുകടയിൽ പൊലീസ് പ്രശ്നം ഉണ്ടാവുകയായിരുന്നു. തുടർന്ന് എസ്.ഐ എത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധനയ്ക്കും നിർബന്ധിച്ചു. ട്രെയിൻ ടിക്കറ്റ് കാണിച്ചിട്ടും നോക്കാൻ തയാറായില്ല. താൻ കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റാണെന്ന് പറഞ്ഞതോടെ പിതാവിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച തന്റെ ചെവിക്കല്ലിന് അടിച്ചെന്നും പിന്നീട് കസ്റ്റഡിയിൽ എടുത്ത് ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ചതായും പറഞ്ഞു. റോഡിൽ വീണ ഫോണിന് മുകളിലൂടെ ജീപ്പ് കയറ്റിയെന്നും എസ്.ഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു.

സെയ്ദുമായി പ്രശ്നമുണ്ടാകുന്നതിന് മുമ്പാണ് തട്ടുകട ജീവനക്കാരനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസെടുത്ത ശേഷം സെയ്ദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സെയ്ദും പിതാവ് നാസറും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദിച്ചുവെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡർമാർ കളക്ടർക്കും കമ്മീഷണർക്കും പരാതി നൽകി. നേരിയ പരിക്കേറ്റ എസ്.ഐ സുമേഷും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേ സമയം, ചിന്നക്കടയിലെ പരിശോധനയിൽ കരിക്കോട് സ്വദേശികൾ അനാവശ്യമായി ഇടപെട്ടതായും അവിടെ പിടിവലി മാത്രമായിരുന്നുവെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ്.ഐ സുമേഷ് പറഞ്ഞു.

Post a Comment

0 Comments