ചാരുംമൂട് : എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലമേൽ കാവിൽ വീട്ടിൽ ശ്യാം (29) എന്നയാളെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ചാരുംമൂട് ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയിൽ നിന്ന് 10 ഗ്രാം എംഡിഎംഎ പിടികൂടിയത്. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് മാസങ്ങളായി ഇയാളെ നിരീക്ഷിച്ചിരുന്നു. ശ്യാം വീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
പരിശോധനയ്‌ക്കെത്തിയ പോലീസിനെ നേരിട്ട് തടയാൻ ശ്യാം തന്റെ വീട്ടിൽ വളർത്തിയിരുന്ന പിറ്റ് ബുൾ ഇനത്തിൽപ്പെട്ട പട്ടിയെ അഴിച്ചുവിട്ടതായും, അതിനിടെ ലഹരിവസ്തുക്കൾ മറ്റിടത്തേക്ക് മാറ്റാൻ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു. വീട്ടിൽ കയറി ശല്യം ചെയ്യുന്നു എന്ന ആരോപണവുമായി പോലീസ് നടപടികൾക്കെതിരെ ഉന്നത പൊലീസ് അധികാരികളിൽ നിരവധി തവണ പരാതി നൽകിയിരുന്നതായി വിവരമുണ്ട്. മയക്കുമരുന്ന് സംസ്ഥാനത്തിന് പുറത്തുനിന്ന് ശേഖരിക്കാൻ പോകുന്ന വിവരം രഹസ്യമായി അറിഞ്ഞതിനെ തുടർന്നാണ് ഇയാൾക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കിയതെന്നും പോലീസ് വ്യക്തമാക്കി.
0 تعليقات