മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിന്റെയും പി വി അൻവറിന്റെയും യുഡിഎഫ് മുന്നണി പ്രവേശനത്തിന് സമ്മർദം ശക്തമാക്കി തൃണമൂൽ കോൺഗ്രസ്. പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കാൻ ആവില്ലെന്ന് തൃണമൂൽ നേതൃത്വം അറിയിച്ചു. തൃണമൂലിനെ മുന്നണിയിൽ എടുക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. മുന്നണിയിൽ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതിന് തടസ്സമുള്ള രാഷ്ട്രീയ സാഹചര്യം ഒന്നും നിലവിലില്ലെന്നും തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ പ്രതികരിച്ചു.
പിവി അൻവർ ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കുന്നത് സാധ്യമല്ലെന്നാണ് തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ വ്യക്തമാക്കുന്നത്. തൃണമൂലിനെ യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കണം. 23 ന് കോൺഗ്രസ് നേതാക്കൾ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അന്നത്തെ യോഗത്തിൽ ഇതേ നിലപാട് അറിയിക്കുമെന്ന് കെ ടി അബ്ദുറഹ്മാൻ വ്യക്തമാക്കി. തൃണമൂലിനെ ഒഴിവാക്കാനുള്ള രാഷ്ട്രീയ കാരണങ്ങളൊന്നും നിലവിലില്ല. മുന്നണിയിൽ എടുത്തില്ലെങ്കിൽ തുടർ നിലപാട് സ്വീകരിക്കുമെന്നും അബ്ദുറഹ്മാൻ പ്രതികരിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടില്ല. യുഡിഎഫ് മുന്നണിയിൽ എടുക്കും എന്നാണ് ഇപ്പോഴും പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് വി എസ് ജോയ് പ്രതികരിച്ചു. സ്ഥാനാർത്ഥിക്ക് യോഗ്യരായ ഒരുപാട് പേരുണ്ട്. യോഗ്യരായ ഒരാളെ പാർട്ടി ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ആരെ തീരുമാനിച്ചാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കും, വിജയിപ്പിക്കും. വ്യക്തിതാൽപര്യങ്ങൾക്ക് പ്രസക്തിയില്ല, വിജയം മാത്രമാണ് ലക്ഷ്യം. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്.
ഒരു സോഷ്യൽ എഞ്ചിനീയറിംഗും വർഗീയ ചേരി തിരിവും നടക്കില്ല. മുസ്ലിം ലീഗുമായി എക്കാലത്തേയും മികച്ചബന്ധം, മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ല. ഇടത് സർക്കാറിനെതിരായ ജനവിധിയാണ് ഉണ്ടാവുക. പിവി അൻവർ ഉയർത്തിയ വിഷയങ്ങളും മണ്ഡലത്തിൽ ചർച്ചയാകും. അൻവറിന്റെ പിന്തുണ യുഡിഎഫിന് കൂടുതൽ ശക്തി പകരുമെന്നും വി എസ് ജോയ് കൂട്ടിച്ചേര്‍ത്തു.
0 Comments