banner

ലഹരിക്കടിമകളായ യുവാക്കളുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു; സഹോദരങ്ങളായ പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്


കാസര്‍കോട് : കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ ലഹരിക്ക് അടിമകളായ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയത്. 

പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവര്‍ക്ക് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ ആക്രമണം നടത്തിയത്.

ഇവർ ലഹരിക്കടിമകളാണെന്ന് നാട്ടുകാര്‍ പറയുന്നു. സരീഷിന് വയറ്റിലാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ സൂരജിന് താടിക്കാണ് പരിക്ക്. യുവാക്കൾ താമസിക്കുന്നതിന് സമീപത്തുള്ള റഫീഖ് എന്നയാളുടെ വീട്ടിലെത്തി ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

കൊടുവാള്‍, കത്തി തുടങ്ങിയ ആയുധങ്ങളും ചോര പുരണ്ട വസ്ത്രവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഇരുവര്‍ക്കുമായി രാത്രി തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെയും പ്രദേശത്ത് തെരച്ചില്‍ നടത്തി. ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് കാസര്‍കോടേയ്ക്ക് കുടിയേറിയ യുവാക്കള്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ്.

Post a Comment

0 Comments