കോട്ടയം : നാഗമ്പടത്ത് നെഹ്റു സ്റ്റേഡിയത്തിന് സമീപം യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് അക്രമി . അരമണിക്കൂറോളം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ സാഹസികമായി കീഴ്പെടുത്തി. നാഗമ്പടം സ്റ്റേഡിയത്തിന് സമീപം കത്തി കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കത്തി വീശി ഭയപ്പെടുത്തുകയുമായിരുന്നു അക്രമി.
കളക്ടറേറ്റ് ഭാഗത്ത് താമസിക്കുന്ന ശിവദാസ് എന്നയാൾ ഇതുവഴി നടന്നു പോയപ്പോൾ ഇയാളെ കുത്തുകയായിരുന്നു അക്രമി . കത്തിയുമായി അക്രമി പാഞ്ഞു വരുന്നത് കണ്ട് ശിവദാസൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിനു കുത്തേറ്റു. പരിക്കേറ്റ ശിവദാസൻ തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ നിന്ന് രക്ഷപ്പെട്ട അക്രമിയെ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തുനിന്ന് നാട്ടുകാരും വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരും ചേർന്ന് സാഹസികമായി കീഴ്പെടുത്തി പോലീസിന് കൈമാറി. കോട്ടയം ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാർ സ്ഥലത്തെത്തിയിരുന്നു.
0 Comments